പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ കോടതി ഇന്ന് കേള്‍ക്കും

Jaihind Webdesk
Tuesday, November 5, 2024


കണ്ണൂര്‍: പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം.എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ വാദം തലശ്ശേരി ജില്ലാ കോടതി ഇന്ന് കേള്‍ക്കും. നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് കക്ഷി ചേരും. പ്രതിഭാഗ വാദം പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും ആയുധമാക്കിയാവും.അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും സ്ഥാപിക്കാനാകും ശ്രമം. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദവും നിര്‍ണായകമാകും.

ഇന്നലെയും കണ്ണൂരില്‍ കളക്ടര്‍ക്കെതിരെ കനത്ത പ്രതിഷേധമുണ്ടായി. നുണപരിശോധനയ്ക്ക് അരുണ്‍ കെ വിജയനെ വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കളക്ടറുടെ മറുപടി മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു.

പി പി ദിവ്യ പൊലീസിനോട് പറഞ്ഞത് നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നാണ്. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്ന് പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ മൊഴി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണ് പ്രശാന്ത് എന്നും ദിവ്യ പറഞ്ഞു.ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് കഴിഞ്ഞ ദിവസം ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്.