എഡിഎമ്മിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തം; നാളെ കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

Jaihind Webdesk
Thursday, October 31, 2024

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ല കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. നാളെ കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കും.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ.വിജയന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന പി പി ദിവ്യയുടെ വാദം ആയിരുന്നു ഇതിന് കാരണം. യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുമ്പോള്‍ കളക്ടര്‍ വിലക്കാത്തത് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായി. യാത്രയയപ്പ് പരിപാടിക്കുശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ടിരുന്നു എന്ന മൊഴിയില്‍ ഉറച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഇടയ്ക്കിടെ മാധ്യമങ്ങളോട് ആവര്‍ത്തിച്ചതാണ് ജില്ല കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണം. പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച കാര്യം ശരി വയ്ക്കുകയാണ് കളക്ടര്‍ ചെയ്തത്.

അന്ന് നടന്ന എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അങ്ങനെ പറഞ്ഞ കാര്യങ്ങളില്‍ യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു എന്നെ ചേംബറില്‍ വന്നുകണ്ട കാര്യവും ഉള്‍പ്പെടുന്നു. ഒന്നും മറച്ചുവയ്ക്കാന്‍ തുനിഞ്ഞിട്ടില്ല. സത്യം സത്യമായി പറയാതിരിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയതെന്നാണ് കളക്ടര്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതാണെന്നും സംഭവത്തില്‍ കളക്ടര്‍ക്കും പങ്കുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനും പങ്കുണ്ടെന്ന സംശയത്തിന് അടിവരയിടുന്നതാണ് അദ്ദേഹം പോലീസിനു നല്‍കിയ മൊഴിയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളുമെന്ന് ഡിസിസി പ്രസിഡന്റ് പ്രസ്താവനയില്‍ ചൂണ്ടി കാട്ടി. മരണശേഷവും നവീന്‍ ബാബുവിനെ അവഹേളിക്കാനും അഴിമതിക്കാരനായി ചിത്രീകരിക്കാനും നീക്കം നടക്കുന്നുണ്ട്. അതിന് കളക്ടര്‍ കൂട്ടുനില്‍ക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കളക്ടര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് . സിപിഎം നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട് വഹിക്കുന്ന പദവിയുടെ മാന്യത കളഞ്ഞു കുളിക്കുന്ന സമീപനമാണ് കളക്ടറില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വന്തം സഹപ്രവര്‍ത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ തുടക്കം തൊട്ട് കളക്ടര്‍ ശ്രമിക്കുകയാണ്.

യാത്രയയപ്പ് യോഗത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം മാത്രമല്ല കളക്ടറുടെ സമീപനവും നവീന്‍ ബാബുവിനെ മാനസികമായി തകര്‍ത്തിരിക്കാം. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടറെ ആ പദവിയില്‍ നിന്ന് മാറ്റി സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ജില്ല കളക്ടര്‍ക്ക് എതിരെ നടപടി ആവശ്യപെട്ട് നാളെ
കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.