പി.പി ദിവ്യയെവിടെ പൊലീസേ? കണ്ണൂരില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, October 22, 2024


കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ കേസെടുത്ത് ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനു മുന്‍പിലെ മതിലിലും ജില്ലാ പഞ്ചായത്ത് ഓഫിസിലെ കവാടത്തിലും സെന്‍ട്രല്‍ ഹാളിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലുമാണ് പി.പി ദിവ്യ 40 വയസ്സ് ക്രൈം നമ്പര്‍ 1149/24 കുറ്റം: സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി കൊല ചെയ്തു ,കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കുക എന്നെഴുതിയ ലുക്ക് ഔട്ട് നോട്ടീസും ബോര്‍ഡും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് പൊലിസുമായി സംഘര്‍ഷത്തിനിടയാക്കി.