കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർക്ക് പങ്കുണ്ടെന്നാരോപിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് കെഎസ്യുവിന്റെ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണം, കളക്ടര്‍ രാജി വെക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്. കരിങ്കൊടികളുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടേറ്റിലെത്തി പ്രതിഷേധിച്ചത്. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും കളക്ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ കയറിയിരുന്ന് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചു.
എഡിഎമ്മിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പ്രവർത്തകരെ ആരോപിച്ചു. ഒരു കുടുംബത്തിന്റെ സന്തോഷമാണ് ഇവര്‍ ഇല്ലതാക്കിയത്. വിഷയത്തില്‍ കണ്ണൂര്‍ കളക്ടര്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല, രാജിവെക്കുക തന്നെ വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു. പ്രതിഷേധം കടുത്തതോടെ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.
അതിനിടെ, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടറുടെ മൊഴിയെടുത്തു. എഡിഎമ്മിന്റെ മരണത്തിൽ വസ്തുത അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. അതേസമയം നവീന്‍ ബാബുവിന്റെ കുടുംബവും കളക്ടര്‍ക്കെതിരായ നിലപാടിലാണ്. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയത് കളക്ടറാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആരോപിച്ചു. എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.