എഡിഎമ്മിന്‍റെ ആത്മഹത്യ: പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Tuesday, October 15, 2024

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു അത്മത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പി.പി. ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഇത് ഭരണരംഗത്ത് ഗുണകരമല്ല. സിപിഎമ്മിന്‍റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ശത്രുവായി കാണുകയാണ്. ആത്മഹത്യ ചെയ്ത എഡിഎം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനായിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് നിയമപരമായി പരാതി നല്‍കാമായിരുന്നല്ലോ? രേഖകളുണ്ടെങ്കില്‍ അതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അന്വേഷിക്കുക ആയിരുന്നു വേണ്ടത്. അതിന് നില്‍ക്കാതെ പൊതുമധ്യത്തില്‍ ആ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് തള്ളവിടുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയതതെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും സുധാകരന്‍ എംപി ആരോപിച്ചു.

കണ്ണൂരില്‍ എഡിഎമ്മായി വന്ന സന്ദര്‍ഭം മുതല്‍ അറിയാവുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അപമാനിച്ചത്. ക്ഷണിക്കാത്തയിടത്ത് മനപൂര്‍വ്വം ഉദ്യോഗസ്ഥനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കടന്ന് ചെന്നത്. എഡിഎമ്മിന്‍റെ ആത്മഹത്യക്ക് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണെന്നും അവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.