ജമ്മു കാശ്മീരില്‍ വീണ്ടും ത്രിവര്‍ണ തിളക്കം; കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്

Jaihind Webdesk
Tuesday, October 8, 2024

ഡല്‍ഹി: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തി ഭരണത്തിലേക്ക്. ബിജെപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ഒമര്‍ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്. മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളില്‍ ഒതുങ്ങി. ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പി ഡി പി. ലീഡ് ഉറപ്പായതോടെ ജമ്മു കശ്മീരില്‍ പിഡിപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഒമര്‍ അബ്ദുല്ല പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അറിഞ്ഞിട്ട് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ലീഡുകള്‍ വിലയിരുത്തുമ്പോള്‍ ബിജെപി ജമ്മു മേഖലയില്‍ മാത്രമായൊതുങ്ങി.

പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.