നിലമ്പൂരും ഉപതിരഞ്ഞെടുപ്പിലേക്കോ? അന്‍വറിനെ കാത്ത് അയോഗ്യതക്കുരുക്ക് ; രാജിവെച്ചാല്‍ വീണ്ടും മത്സരിക്കാന്‍ നീക്കം

Jaihind Webdesk
Sunday, October 6, 2024

തിരുവനന്തപുരം: നിലമ്പൂരില്‍ പി.വി അന്‍വറിനെ കാത്തിരിക്കുന്നത് അയോഗ്യത കുരുക്ക്. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ അറിയിച്ചു കഴിഞ്ഞു. അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടു കൂടി അന്‍വറിന്റെ എംഎല്‍എ സ്ഥാനം അയോഗ്യതാ ഭീഷണിയിലാകും.

എല്‍ഡിഎഫ് സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ മുതിര്‍ന്നാല്‍ അയോഗ്യതയ്ക്കു കാരണമാകും. പുതിയ പാര്‍ട്ടിയുടെ ഭാഗമായാല്‍ ആദ്യപടിയായി സ്പീക്കറുടെ നോട്ടിസ് അന്‍വറിനെ തേടിയെത്തും എന്ന് ചുരുക്കം.

അതെ സമയം എന്തെങ്കിലും നിയമതടസ്സം ഉണ്ടെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അന്‍വര്‍ രാജിവച്ചാല്‍ ചേലക്കര, പാലക്കാട് എന്നിവയ്‌ക്കൊപ്പം നിലമ്പൂരും ഉപതിരഞ്ഞെടുപ്പ് നടക്കും. അദ്ദേഹം അവിടെ വീണ്ടും മത്സരിക്കുകയും ചെയ്യും. അതുകൂടി കണ്ടാണോ അന്‍വറിന്റെ തിരക്കിട്ട നീക്കങ്ങളെന്നു സംശയിക്കുന്നവരുണ്ട്.

പുതിയ പാര്‍ട്ടി രൂപീകരിച്ചാലും അതില്‍ അംഗത്വം എടുക്കാതിരിക്കുകയാണ് എംഎല്‍എ സ്ഥാനം സംരക്ഷിക്കാന്‍ അന്‍വറിനു മുന്നിലുള്ള വഴി. സ്പീക്കറുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകം.