ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, October 4, 2024

 

കണ്ണൂര്‍: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണ്.

അന്ന് ചാനലുകള്‍ പകര്‍ത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ സംരക്ഷിക്കുന്നതിനായി കേരള പോലീസിന്‍റെ വിശ്വാസ്യത വീണ്ടും തകര്‍ത്ത് ഒരു കൂട്ടം ഇടതുരാഷ്ട്രീയ അടിമകളായ ഉദ്യോഗസ്ഥര്‍ സേനയുടെ അന്തസ്സ് കളങ്കപ്പെടുത്തി. ഇത്തരത്തിലാണ് പിണറായി ഭരണത്തില്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണങ്ങളുടെ അവസ്ഥ. പൂരം കലക്കിയതിലും സ്വര്‍ണ്ണക്കടത്തിലും പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലും എഡിജിപിക്കെതിരെ നടക്കുന്ന ത്രിതല അന്വേഷണത്തിന്‍റെയും ഗതിയും ഇതൊക്കെ തന്നെയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവരാണെങ്കില്‍ ഏതു ക്രിമിനലിനും വളഞ്ഞ വഴികളിലൂടെയാണെങ്കിലും നിയമപരമായ പരിപൂര്‍ണ്ണ സംരക്ഷണം ഒരുക്കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി തോമസിനും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കാണേറ്റത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് തല്ലിച്ചതയ്ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കണ്ടതാണ്. ആ ക്രൂരദൃശ്യം ഇന്നും കേരള മനഃസാക്ഷിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. എന്നിട്ടും ദൃശ്യങ്ങള്‍ കിട്ടാനില്ലെന്ന കണ്ണില്‍ച്ചോരയില്ലാത്ത റിപ്പോര്‍ട്ട് നല്‍കി പ്രതികളായ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിച്ച ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് കോണ്‍ഗ്രസ് ഇതിന് മറുപടി പറയിപ്പിക്കും. എപ്പോഴും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രിയെന്നത് ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനസ്സില്‍ കുറിച്ചുവെച്ചേക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.