ഡല്‍ഹി: രാഷ്ട്രീയത്തിലെ അടുത്തസുഹൃത്തായിരുന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വികാരനിര്‍ഭരമായി അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷനേതാവുമായ രാഹുല്‍ഗാന്ധി. കടുത്ത ചുമയുണ്ടായിട്ടും ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന സീതാറാം യച്ചൂരിയെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അമ്മ സോണിയാഗാന്ധിയെ കാണാന്‍ കുറച്ചുദിവസംമുന്‍പ് യെച്ചൂരി വീട്ടില്‍വന്നിരുന്നു. അന്നദ്ദേഹം വല്ലാതെ ചുമയ്ക്കുകയാണ്. ആശുപത്രിയില്‍പ്പോകുന്നകാര്യത്തില്‍ അമ്മയും യെച്ചൂരിയും ഒരുപോലെയാണെന്ന് അന്ന് മനസ്സിലായി. എന്തുവന്നാലും ആശുപത്രിയില്‍ പോകേണ്ടെന്ന നയമാണ്. അതു തിരിച്ചറിഞ്ഞ്, വീട്ടിലേക്ക് തിരിച്ചുപോകേണ്ട നേരിട്ട് ആശുപത്രിയിലേക്ക് പോകാന്‍ ഞാനാണ് യെച്ചൂരിയോട് പറഞ്ഞത്. എന്റെ ജീവനക്കാരോട് യെച്ചൂരിയെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിച്ചപ്പോഴും ചിരിച്ചുകൊണ്ട് മാറിപ്പോകാനായിരുന്നു ശ്രമം. അന്നായിരുന്നു ഞാന്‍ എന്റെ സുഹൃത്തിനെ അവസാനമായി കണ്ടത്’ -വികാരനിര്‍ഭരമായ വാക്കുകളില്‍ രാഹുല്‍ പറഞ്ഞു.
രണ്ട് അവസരത്തില്‍ തനിക്ക് നിശ്ശബ്ദനായി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രാഹുല്‍ അനുസ്മരിച്ചു. ഒന്ന്, യച്ചൂരിയുടെ മകന്‍ മരിച്ചപ്പോള്‍ ഫോണ്‍ വിളിച്ചെങ്കിലും ഒരു വാക്കു പോലും മിണ്ടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം ഭാര്യയ്ക്ക് കത്തെഴുമ്പോഴും വാക്കുകള്‍ ഇല്ലാതായി. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യരൂപീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നവരെ എല്ലാവരും കാണും. എന്നാല്‍, എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്തിയ അദൃശ്യമായ ഘടകവും പാലവുമായിരുന്നു യച്ചൂരിയെന്ന് രാഹുല്‍ അനുസ്മരിച്ചു.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ചചെയ്യില്ലെന്ന് 100 ശതമാനം വിശ്വസിക്കാവുന്ന നേതാവായിരുന്നു യെച്ചൂരി. അദ്ദേഹം രാജ്യതാത്പര്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷത്തെ സഹോദരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്ന മുഖവുരയോടെ, എല്ലായ്പ്പോഴും ഇന്ത്യയില്‍നിന്നാണ് യെച്ചൂരി തുടങ്ങിയിരുന്നതെന്നും അതിനുശേഷമേ രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടായിരുന്നുള്ളൂവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.