ഷിരൂര്‍: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. മൂന്നംഗ സംഘമാണ് ഇപ്പോള്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുമെന്ന് അറിയിപ്പുണ്ട്.
നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. പ്രധാനമായും ലോറിയുടെ ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. സിഗ്‌നല്‍ ലഭിക്കുകയാണെങ്കില്‍ നേവിയുടെ ഡൈവര്‍മാര്‍ പ്രദേശത്തെത്താനാണ് സാധ്യത. അതേസമയം, ഗംഗാവലിയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ അസ്ഥിഭാഗം വിദഗ്ധ പരിശോധനയ്ക്ക് അയക്കും. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്തിന് പുറമെ ഈ അസ്ഥി കണ്ടെത്തിയ ഭാഗവും വ്യക്തമായി പരിശോധിക്കും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ഉച്ചയോടെ സ്ഥലത്തെത്തും.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.