ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വൈകിട്ട് 4.30ന് ഡല്‍ഹി രാജ്‌നിവാസില്‍

Jaihind Webdesk
Saturday, September 21, 2024

 

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജ്രിവാള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.30ന് ഡല്‍ഹി രാജ്‌നിവാസിലാണ് അതിഷിയുടെ സത്യ പ്രതിജ്ഞ ചടങ്ങ്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍,മുകേഷ് അഹ്ലാവത് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഹ്ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം.

ബാക്കിയുള്ളവര്‍ കെജ്രിവാള്‍ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. ഈ മാസം 26, 27 തിയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്. നാളെ കെജ്രിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഡല്‍ഹിയുടെ 8 മത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറും.