ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ശരദ് പവാര്‍, സിസോദിയ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. എയിംസിലേക്കുള്ള വിലാപയാത്രയിലും നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
ശേഷം വിലാപയാത്രയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറി. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.