മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും; നടപടി കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച്

Jaihind Webdesk
Monday, September 2, 2024

ഡല്‍ഹി: കേരളത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്.

സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുന്‍പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്മാര്‍ ഉള്‍പ്പെടുന്ന സമിതി, കേരളം കൂടി നിര്‍ദേശിക്കുന്ന അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളും.

കേരളത്തിന്റെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ബി. അശോക് , അന്തര്‍സംസ്ഥാന നദീജലം  ചീഫ് എന്‍ജിനീയര്‍ പ്രീയേഷ് ആര്‍ എന്നിവരും തമിഴ്നാടിനെ പ്രതിനിധികരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: കെ. മണിവാസന്‍, കാവേരി ടെക്നിക്കല്‍ സെല്‍ ചെയര്‍മാന്‍  ആര്‍. സുബ്രമണ്യന്‍ എന്നിവരും പങ്കെടുത്തു.