എസ്എസ്എല്‍വി വിക്ഷേപണം വിജയം; ഇഒഎസ്-08 ഭ്രമണപഥത്തില്‍

Jaihind Webdesk
Friday, August 16, 2024

 

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് എട്ടിനെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. അതെസമയം വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ സിറോ ഡിമോസറ്റും ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു. എസ്എസ്എല്‍വി-ഡി3/ഇഒഎസ്-08 ദൗത്യത്തിലൂടെ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തെ പരീക്ഷിക്കുകയയും ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയുമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ദൗത്യം വിജയിക്കുന്നതോടെ എസ്എസ്എല്‍വിയുടെ വികസനം പൂര്‍ത്തിയാകും. 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റാണ് എസ്എസ്എല്‍വി ഡി3.