ഷിരൂർ ദൗത്യം 14-ാം ദിവസം; വെല്ലുവിളിയായി മഴ, സാഹചര്യങ്ങള്‍ വിലയിരുത്തി തുടർനടപടികള്‍

Jaihind Webdesk
Monday, July 29, 2024

 

ബംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന്
പതിനാലാം ദിവസം. അതേസമയം വരുന്ന 21 ദിവസം ഉത്തരകന്നഡയില്‍ മഴ പ്രവചിച്ചിരിക്കുന്നത് തിരച്ചില്‍ ദൗത്യത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.   ഇന്ന് അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ നദിയിൽ പരിശോധന തുടരാനാകൂ. അതേസമയം ഷിരൂരിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്.

ഗംഗാവാലി പുഴയില്‍ ശക്തമായ അടിയൊഴുക്ക് തുടരുകയാണ്. 21 ദിവസം ഉത്തര കന്നഡയിൽ മഴ പ്രവചിക്കുകയും ചെയ്തതോടെ തിരച്ചിലിന് പ്രതിസന്ധിയാകും. ഡ്രഡ്ജിംഗ് യന്ത്രം ഉപയോഗിച്ച് തിരച്ചില്‍ തുടരാനാണ് അടുത്ത നീക്കം. തൃശൂരിലെ ഡ്രഡ്ജിംഗ് യന്ത്രത്തിന്‍റെ ഓപ്പറേറ്റർമാർ‌ ഷിരൂരിൽ എത്തും. കാർഷിക സർവകലാശാലയുടെ കീഴിലാണ് ഈ യന്ത്രമുള്ളത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നത് അനുസരിച്ചാകും തിരച്ചിലിന്‍റെ ഭാവി.

ഗംഗാവാലി നദിയിൽ അടിയൊഴുക്ക് ശക്തമായതിനെ തുടർന്ന് ഈശ്വർ മാല്‍പെ സംഘത്തിന് തിരച്ചില്‍ കാര്യമായി നടത്താനായിരുന്നില്ല. ഉഡുപ്പി ജില്ലയിലെ മാൽപെയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ പരിശീലനം നേടിയ സംഘമാണ് ഇവർ. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ള ഇവർക്ക് പോലും ഗംഗാവാലിയിലെ തിരച്ചിലില്‍ പുരോഗതി കൈവരിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ 16-ാം തീയതിയാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അർജുനെ കാണാതായത്.