പ്രവാസികളുടെ യാത്രാദുരിതം: കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ പ്രതീക്ഷാവഹം; അടിയന്തര നടപടി വേണമെന്ന് ഒഐസിസി

Saturday, July 27, 2024

 

തിരുവനന്തപുരം: പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഇന്‍കാസ്) ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. വിഷയം ലോക്സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അനിയന്ത്രിതമായ നിരക്ക് വർധനയും വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും കാരണം പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അടിയന്തരഘട്ടത്തില്‍പോലും നാട്ടിലേക്കെത്താന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളെ ഭരണസംവിധാനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്  ഒഐസിസി കുറ്റപ്പെടുത്തി. പരിഹാര മാർഗങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയ കേന്ദ്ര ബജറ്റും നിരാശപ്പെടുത്തി. വിഷയത്തെ കൃത്യമായി ലോക്സഭയില്‍ ഉന്നയിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ എംപിമാര്‍ ഈ വിഷയത്തെ കൃത്യമായി പഠിച്ച് അവതരിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. അടിയന്തര ഇടപെടല്‍ നടത്തേണ്ട പ്രശ്നമായി ഈ വിഷയത്തെ സഭയില്‍ അവതരിപ്പിക്കാനും അതിന് കൂടുതല്‍ ശ്രദ്ധ നല്‍കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞതും അത് ആശാവഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“പ്രവാസ ലോകത്തെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് തോന്നിയ ടിക്കറ്റ് നിരക്കുകളാണ്. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളുടെ എണ്ണവും ഇതോടെ കൂടി വരികയാണ്.
പ്രവാസികളുടെ യാത്രാദുരിതം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ ഒരു നടപടി ഉണ്ടായില്ല. ശക്തമായ പ്രതിഷേധത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുക എന്നതുമാത്രമാണ് അവസാന വഴി. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. ഒഐസിസി – ഇന്‍കാസ് പ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരിക്കും” – കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ എണ്ണൂറോളം വിമാനസര്‍വീസുകളാണ് കേരളത്തില്‍ നിന്നു റദ്ദാക്കിയത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതു മുതല്‍ പണം തിരികെ നല്‍കുന്നതു വരെയുള്ള കാര്യങ്ങളില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. പുതിയ വിമാനത്താവളങ്ങള്‍ അനുവദിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കണം. പ്രശ്ന പരിഹാരത്തിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡുവിന്‍റെ വാക്കുകളില്‍ പ്രതീക്ഷയില്ല. പ്രവാസികളെ പറ്റിക്കാന്‍ രൂപീകരിക്കുന്ന ഇത്തരം സമിതികളിലുള്ള വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണെന്നും കുമ്പളത്ത് ശങ്കരപ്പിള്ള വ്യക്തമാക്കി.