ലഖ്നൗ: രാഹുൽ ഗാന്ധിയുടെ ചിത്രവും മുദ്രാവാക്യങ്ങളുമടങ്ങുന്ന പോസ്റ്ററുകൾ പതിച്ച് ഉത്തർപ്രദേശിലെ ജനങ്ങള്‍. ഉത്തർപ്രദേശിലെ ഹിന്ദു-മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ് രാഹുല്‍ ഗാന്ധിയുടെ ‘സ്നേഹത്തിന്‍റെ കട’ ഏറ്റെടുത്ത് രംഗത്തെത്തിയത്. കടകൾക്കും പഴം-പച്ചക്കറി വണ്ടികൾക്കും മുമ്പിൽ ‘മൊഹബത്ത് കി ദൂകാന്‍ (സ്നേഹത്തിന്‍റെ കട), നോ ഹിന്ദു- മുസൽമാൻ’ എന്ന മുദ്രാവാക്യമുള്ള പോസ്റ്ററുകളാണ് ജനങ്ങൾ പതിക്കുന്നത്. വിദ്വേഷത്തിന്‍റെ യോഗിയല്ല, സ്നേഹത്തിന്‍റെ രാഹുലാണ് ശരിയെന്ന് ഉറക്കെ പറയുകയാണ് ഉത്തർപ്രദേശിലെ ജനത. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ജാതി മതഭേദമെന്യെ വ്യാപാരി സമൂഹം രംഗത്തെത്തിയത്. ‘വിദ്വേഷത്തിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കട തുറക്കും’ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നായി ഏറെ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടിയ ഈ വാചകം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിറഞ്ഞുനിന്നു.
ഉത്തർപ്രദേശിന് പുറമേ ഉത്തരാഖണ്ഡ് സർക്കാരും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമാണ് ഉയരുന്നത്. എന്‍ഡിഎയിലെ ചില സഖ്യകക്ഷികളും വിവാദ ഉത്തരവിനെതിരെ രംഗത്തെത്തി. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 19 വരെയാണ് കാവഡ് യാത്ര. ഉത്തർപ്രദേശ് സർക്കാരിന്‍റെ നീക്കത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഉള്‍പ്പെടെയുളളവർ രംഗത്തെത്തി. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്‍റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.
People from Hindu and Muslim communities were seen putting posters with Rahul Gandhi’s image and slogans of
‘Mohabbat ki Dukan, No Hindu-Musalmaan’ in Uttar Pradesh.
Rahul Gandhi’s craze 🔥 pic.twitter.com/AaYQMiQ1Ri
— Shantanu (@shaandelhite) July 20, 2024