ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്; പുഷ്പാർച്ചന നടത്തി നിരവധി പേർ

Jaihind Webdesk
Thursday, July 18, 2024

 

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് മുമ്പില്‍ പുഷ്പാർച്ചന നടത്തിയവർ നിരവധി പേർ. സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു.

ഇന്ന് രാവിലെ 7 മണിക്ക് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തോട് അനുബന്ധിച്ച് കുർബാനയും, അദ്ദേഹത്തിന്‍റെ കല്ലറയിൽ ധൂപ പ്രാർത്ഥനയും നടന്നു. അതിരാവിലെ മുതൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി പൂക്കൾ അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി.

പള്ളിയിൽ നടന്ന കുർബാനയ്ക്കു ശേഷം വൈദികരുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ധൂപ പ്രാർത്ഥന നടത്തി. കോട്ടയം ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിയസ്കോറസ്, അങ്കമാലി ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ പോളിക്കർപ്പോസ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു കുർബാനയും ധൂപ പ്രാർത്ഥനയും. ധൂപ പ്രാർത്ഥനയിലും, കുർബാനയിലും അദ്ദേഹത്തിന്‍റെ ഭാര്യ മറിയാമ്മയും, മക്കളായ ചാണ്ടി ഉമ്മൻ എംഎൽഎ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ അടക്കം നിരവധി കുടുംബാംഗങ്ങളും പങ്കെടുത്തു.