ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; കണ്ണൂരിൽ അവലോകന യോഗം ചേര്‍ന്ന് സിപിഎം

Jaihind Webdesk
Tuesday, July 2, 2024

 

 

 

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാതലത്തിൽ കണ്ണൂരില്‍ അവലോകന യോഗം ചേര്‍ന്ന് സിപിഎം. തിരഞ്ഞെടുപ്പ് പരാജയത്തിലെ വിലയിരുത്തലുകൾ  റിപ്പോർട്ട് ചെയ്യാനുള്ള സിപിഎം മേഖലാ യോഗങ്ങൾക്കാണ് കണ്ണൂരിൽ തുടക്കമായത്. പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, ഇ. പി. ജയരാജൻ, കെ.കെ. ഷൈലജ ഉൾപ്പടെയുള്ള കേന്ദ്ര നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

തിരിച്ചടിയുടെ ആഴം മനസ്സിലാക്കിയാണ് ജില്ലാ ഘടകങ്ങളിലെ പതിവ് റിപ്പോർട്ടിംഗുകൾക്ക് പുറമേ, മേഖലാ യോഗങ്ങൾ ചേർന്നത് എന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട നേതാക്കളെ ഒന്നിച്ച് ഇരുത്തി തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത് എന്ന വിമർശനമാണ് ഉയരുന്നത്.

പാർട്ടി നേതൃത്വത്തിന് വന്ന തെറ്റുകളും നേതാക്കളുടെ വീഴ്ചകളും തിരുത്തുമെന്നാണ് സിപിഎം നേതാക്കൾ യോഗത്തിൽ പറഞ്ഞത്. ലോക്കൽ സെക്രട്ടറിമാരെ വരെ ഉൾപ്പെടുത്തിയാണ് പാർട്ടി നിലപാട് വിശദീകരിച്ചത്. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മുതൽ മുഖ്യമന്ത്രിയുടെ ശൈലി വരെയുള്ള വിഷയങ്ങളിൽ വിമർശനങ്ങൾ ആവർത്തിക്കപ്പെട്ടു. ജനങ്ങളിൽ നിന്ന് അകന്നതാണ് തോൽവിക്ക് കാരണമെന്നും ആരും സ്വയം അധികാര കേന്ദ്രങ്ങൾ ആകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.

ഇ. പി. ജയരാജൻ വിവാദവും, നേതാക്കളുടെ ബിസിനസ്സ് ബന്ധങ്ങൾ, പ്രവർത്തകരോടും, ജനങ്ങളോടുമുള്ള നേതാക്കളുടെ പെരുമാറ്റം ഉൾപ്പടെ പരാമർശിക്കപ്പെട്ടു. താഴെത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് തിരുത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുക എന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. അവലോകന യോഗത്തിൽ ലോക്കൽ സെക്രട്ടറിമാർ, ഏരിയ സെക്രട്ടറിമാർ, ഏരിയ കമ്മറ്റി അംഗങ്ങൾ ജില്ലാ കമ്മറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്തു. തെറ്റുതിരുത്തൽ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വരും ദിവസങ്ങളിൽ നിന്ന് വ്യക്തമാവും. ഭരണ തലത്തിലും പാർട്ടി തലത്തിലും എന്ത് മാറ്റമാണ് സിപിഎം കൊണ്ടുവരുന്നതെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.