ബംഗളുരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ സഹോദരന് സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവർത്തകന്റെ പരാതിയിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് സൂരജ് രേവണ്ണക്കെതിരെ ഹാസന് പോലീസ് കേസെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡന പരമ്പരയില്‍ അറസ്റ്റിലായ എന്‍ഡിഎ സ്ഥാനാർത്ഥിയും ഹാസനിലെ മുന്‍ എംപിയുമായ പ്രജ്വൽ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ് രേവണ്ണ.
അരക്കൽഗുഡ് താലൂക്കിൽ നിന്നുള്ള 27 കാരനായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. സൂരജ് രേവണ്ണയ്ക്കും കൂട്ടാളി ശിവകുമാറിനുമെതിരെ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ), 342 (തടവിലാക്കല്‍), 506 (ഭീഷണിപ്പെടുത്തൽ) വകുപ്പുകള്‍ പ്രകാരമാണ് ഹോളനരസിപൂർ റൂറൽ പോലീസ് കേസെടുത്തിരിക്കുന്നത്. ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനായ സൂരജ് രേവണ്ണയുടെ സ്ഥാപനമായ ‘സൂരജ് രേവണ്ണ ബ്രിഗേഡി’ലെ ജോലിക്കാരനാണ് പരാതി നല്‍കിയത്. ജൂൺ 16-ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ വെച്ച് സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ ഇയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. സൂരജ് രേവണ്ണയുടെ പരാതിയില്‍ ജെഡിഎസ് പ്രവർത്തകനെതിരെയും കേസെടുത്തു. ഇതിന് പിന്നാലെ പണവും ജോലിയും വാഗ്ദാനം ചെയ്ത് രേവണ്ണയുടെ ആളുകൾ തന്നെ സമീപിച്ചതായും പരാതിക്കാരൻ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിനു പിന്നാലെയുള്ള കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരൻ സൂരജിനെതിരെയും പരാതി ഉയർന്നത്. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ പ്രജ്വൽ രേവണ്ണയെ ബംഗളുരുവിലെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരായ പരാതി.