കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. പി.എസ്.സി വഴി അല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താം.
ഇതിനിടെ മെഡിക്കല്‍ അവധി ഉള്‍പ്പടെ ഏറെ നാളായി അവധിയിലുള്ള മുഴുവന്‍ സ്ഥിരകണ്ടക്ടര്മാരെയും തിരിച്ചുവിളിക്കാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചു. എണ്ണൂറോളം പേരുണ്ടെന്നാണ് കണക്ക്. പി.എസ്.സി വഴി അഡ്വൈസ് മെമോ ലഭിച്ച 4051 പേരില്‍ 1472 പേരെ ഇന്നലെ ജോലിയില്‍ പ്രവേശിച്ചുള്ളു. ഇവര്‍ ഇന്ന് ഡിപ്പോകളില്‍ ചാര്‍ജെടുക്കും. അഞ്ഞൂറ് പേര് കൂടിയെങ്കിലും വരും ദിവസങ്ങളില്‍ ജോലിക്കെത്തുമെന്നാണ് പ്രതീക്ഷ. 3861 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. കണ്ടക്ടര്മാരില്ലാത്തത് കാരണം ആയിരത്തോളം സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയിരുന്നു. സമാനമായ സ്ഥിതിയാണ് ഇന്നുമുള്ളത്. ഈ സാഹചര്യത്തിലാണ് അവധിയിലുള്ളവരെ എത്രയും വേഗം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്