വനിതാ മതിൽ സംഘാടനത്തിന്റെ ചെലവ് സർക്കാർ വഹിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വസ്തുതാ വിരുദ്ധമായ പ്രസ്താവന സർക്കാരിന്റെ സത്യവാങ്മൂലം പൊളിച്ചതോടെ ഉത്തരം മുട്ടിയത് പിണറായിക്കും സി.പി.എമ്മിനും. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലൂടെയായിരുന്നു പിണറായിയുടെ വസ്തുതാ വിരുദ്ധമായ പ്രസ്താവന. എന്നാൽ വനിതാ മതിൽ സംഘടിപ്പിക്കാൻ ചെലവാകുന്ന തുക സ്ത്രീ സുരക്ഷക്ക് വേണ്ടി നീക്കിവെച്ച 50 കോടി രൂപയിൽ നിന്നാണ് വിനിയോഗിക്കുകയെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതോടെയാണ് പിണറായിയുടെയും സി.പി.എമ്മിന്റെയും കള്ളം പൊളിഞ്ഞത്. ഇതിനു പുറമേ ശബരിമല യുവതീപ്രവേശനം സംബന്ധിച്ചാണ് വനിത മതിൽ നിർമ്മിക്കുന്നതെന്ന സി.പി.എമ്മിന്റെയും സർക്കാരിന്റെയും മുൻ നിലപാടുകളിൽ നിന്ന് ഇരുകൂട്ടരും ബഹുദൂരം പിന്നാക്കം പോയെന്ന വസ്തുതയും ഇതോടെ വെളിപ്പെട്ടു കഴിഞ്ഞു.
ഹിന്ദു സാമുദായിക സംഘടനകളെ കൂട്ടി വനിതാ മതിൽ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാരിനും പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകൾക്കുമാണ് സത്യവാങ്മൂലത്തിലൂടെ തിരിച്ചടിയേറ്റത്. ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിൽ സർക്കാർ കാട്ടിയ അമിതാവേശം വിനയായതിനു പുറമേയാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയർന്ന സമ്മർദ്ദം മൂലം വനിത മതിലിന്റെ അന്തസത്ത മാറ്റാൻ സർക്കാർ നിർബന്ധിതമായത്. വനിതാ മതിലിനെതിരെ യു.ഡി.എഫും, എൻ.എസ്.എസും ആദ്യം മുതൽ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ കെ.സി.ബി.സിയും സമസ്തയും എം.ഇ.എസും കടുത്ത എതിർപ്പുയർത്തി രംഗത്തെത്തിയിരുന്നു.
എന്നാൽ പല തവണ ഇതിനെതിരെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അസത്യപ്രചരണവുമായി രംഗത്ത് വന്നിരുന്നു. യുവതീപ്രവേശന വിഷയത്തിലാണ് മതിലെന്ന് ആദ്യം വ്യക്തമാക്കിയ സി.പി.എമ്മും സർക്കാരും പിന്നീട് കോടതിയിൽ മലക്കം മറിഞ്ഞു. മതിൽ സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റേതടക്കമുള്ള ഹർജികൾ പരിഗണിക്കുന്ന വേളയിലായിരുന്നു സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇതോടെ പിണറായിയുടെ കള്ളി വെളിച്ചത്തായി. സർക്കാർ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിലാണ് മതിൽ സംബന്ധിച്ച തീരുമാനമെടുത്തത്. അന്ന് നവോത്ഥാനത്തിന്റെ പേരിൽ മതിലിനെ അനുകൂലിച്ച പല സംഘടനകളും പിന്നീട് ഇതിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നു. നിലവിൽ മതിഠൽ സംഘടിപ്പിക്കാൻ സർക്കാർ ഖജനാവിൽ നിന്നും എത്രതുക ചെലവഴിക്കുന്നുവെന്നത് ഇനി പുറത്തു വരേണ്ട കാര്യമാണ്.
ശബരിമല വിഷയം ബി.ജെ.പിക്ക് സുവർണ്ണാവസരമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നിലപാട് വിഷയത്തിൽ നിന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതു പോലെ തന്നെ സർക്കാർ ചെലവിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ഉള്ളിലിരിപ്പാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.