ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. അദ്യ മണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയില്‍. നിരവധി പ്രമുഖരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുല്‍ത്തായിയില്‍ വോട്ടിംഗ് മെഷീനുകള്‍ വെള്ളത്തില്‍ എറിഞ്ഞു. ഏജന്‍റുമാരെ പോളിംഗ് ബൂത്തില്‍ കയറാന്‍ അനുവതിക്കാതെ വന്നതോടെയായിരുന്നു സംഘര്‍ഷം. ജൂണ്‍ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്നും ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ധാര്‍ഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജനാധിപത്യ ശക്തികള്‍ സ്വേച്ഛാധിപത്യ ശക്തികളെ പരാജയപ്പെടുത്തുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്‍റെ ഉത്സവം വിജയകരമാകൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നും നിങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ സൃഷ്ടിക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
പട്യാല ലോക്സഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധരംവീര്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ പണത്തിന്റെ ശക്തി ഉപയോഗിക്കുന്നുവെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. വാരാണസിയില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് വ്യക്തമാക്കി. ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി തുടക്കത്തിലെ തോറ്റ് കഴിഞ്ഞുവെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.