ലോക്സഭാ തിരഞ്ഞെടുപ്പ്: അവസാന ഘട്ടത്തിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും; വോട്ടെടുപ്പ് ജൂണ്‍ ഒന്നിന്

Jaihind Webdesk
Wednesday, May 29, 2024

 

ന്യൂഡല്‍ഹി: അവസാന ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 57 മണ്ഡലങ്ങള്‍ കൂടി  വിധിയെഴുതുന്നതോടെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയാകും. ജൂണ്‍ ഒന്നിനാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഏഴാം ഘട്ട വോട്ടെടുപ്പിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 57 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും മുഴുവന്‍ സീറ്റുകളിലും അന്തിമ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പഞ്ചാബിലെ 13, ഹിമാചല്‍പ്രദേശിലെ 4, പശ്ചിമബംഗാളിലെ 9,  ബിഹാറിലെ 8, ഒഡീഷയിലെ 6, ഝാർഖണ്ഡിലെ 3, ഛണ്ഡീഗഢിലെ ഒന്നും സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി, നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദവിന്‍റെ മകൾ മിസാ ഭാരതി എന്നിവർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. പരസ്യ പ്രചാരണത്തിനുള്ള സമയം പൂർണ്ണമായി വിനിയോഗിക്കാന്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി രംഗത്തുണ്ട്. ജൂണ്‍ നാലിനാണ് രാജ്യം കാത്തിരിക്കുന്ന ജനവിധി പുറത്തുവരുന്നത്.