‘മോദി ഭയന്നുപോയോ? ടെമ്പോയില്‍ പണം നല്‍കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോ?’: മറുപടിയുമായി രാഹുല്‍ ഗാന്ധി | VIDEO

Jaihind Webdesk
Wednesday, May 8, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അംബാനി-അദാനി’ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. താങ്കള്‍ ഭയന്നു പോയോ എന്ന ചോദ്യത്തോടെ ആരംഭിച്ച വീഡിയോയിലൂടെയാണ് രാഹുല്‍ മോദിക്ക് മറുപടി നല്‍കിയത്. സാധാരണയായി അടഞ്ഞവാതിലിനുള്ളില്‍ മാത്രം കോടീശ്വരന്മാരായ സുഹൃത്തുക്കളുടെ പേര് പറയുന്ന മോദി ഇതാദ്യമായി അദാനിയുടെയും അംബാനിയുടെയും പേര് പരസ്യമായി പറഞ്ഞെന്ന് രാഹുല്‍ പരിഹസിച്ചു. ടെമ്പോയില്‍ പണം നല്‍കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോ എന്നും രാഹുല്‍ തിരിച്ചടിച്ചു.

“ടെമ്പോയിലാണ് അവര്‍ പണം നല്‍കുന്നതെന്നെല്ലാം താങ്കള്‍ക്കറിയാം. ഇതു താങ്കളുടെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണോ? “- രാഹുല്‍ ഗാന്ധി ചോദിച്ചു.  പണം നല്‍കിയെങ്കില്‍ സിബിഐയെയും ഇഡിയും അവരുടെ അടുക്കലേക്ക് വിട്ട് അന്വേഷിക്കാന്‍ തയാറാകണം. വന്‍കിട വ്യവസായികള്‍ക്ക് മോദി സര്‍ക്കാര്‍ എത്ര പണം കൊടുത്തോ അത്രയും പണം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ വിവിധ പദ്ധതികളിലൂടെ നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. 46 സെക്കന്‍റ് നീണ്ടു നില്‍ക്കുന്ന വീഡിയോ എക്‌സിലും ഫേസ്ബുക്കിലും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

 

 

https://www.facebook.com/JaihindNewsChannel/videos/1411170319523359