തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആറുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 46പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില താഴുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ വില വര്‍ധിക്കുന്നത്.
72 രൂപ 56 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില. ഡീസലിന് 68 രൂപ ഏഴു പൈസയും നല്‍കണം. അഞ്ചുദിവസം മുന്‍പ് 72 രൂപ 10 പൈസയായിരുന്ന പെട്രോള്‍ വിലയാണ് ദിവസങ്ങള്‍ക്കകം ഈ നിലയില്‍ വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 85 പൈസയായി. ഡീസല്‍ വില 69 രൂപ 38 പൈസയും. കോഴിക്കോട് 72 രൂപ 87 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 68 രൂപ 38 പൈസയും.
രാജ്യാന്തരവിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 60 ഡോളറില്‍ താഴെയാണ്. എണ്ണവിലയിടിവ് തടയാന്‍ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് എണ്ണ വില ഇടിയുന്നതെന്നാണ് നിഗമനം.