മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ വനംമന്ത്രി നിഷ്ക്രിയനും നിസംഗനുമായി ഇരിക്കുകയായിരുന്നുവെന്ന് പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിലും പുറത്തും ഈ വിഷയം നിരവധി തവണ ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. സംസ്ഥാന വ്യാപകമായി ഈ പ്രശ്നമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ഡിസംബര്‍ വരെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ജനങ്ങള്‍ ഭീതിയിലാണ്. ബത്തേരിയില്‍ മാത്രം 5 കടുവകളാണ് ഇറങ്ങിയിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീടിന് പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. മോദിയും പിണറായിയും ഒരു പോലെ ഏകാധിപതികളാണ്. അതുകൊണ്ടാണ് വയനാട്ടില്‍ പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് നേരിട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.