കേരളത്തിലെ കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. സമ്പല്‍സമൃദ്ധമായിരുന്ന കേരളത്തിന്‍റെ കാര്‍ഷികരംഗം ഇന്നു കര്‍ഷകരുടെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
12 കര്‍ഷകരാണ് രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇങ്ങനെ കേട്ടുകേഴ്വി പോലുമില്ല. കണ്ണൂരില്‍ മാത്രം നാലു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. നവകേരള സദസുമായി കണ്ണൂരിലേക്ക് കടന്നുവന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളില്‍ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യന്‍ എന്ന കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ നൂലിട്ടാമലയിലെ വാഴകര്‍ഷകന്‍ ഇടപ്പാറക്കല്‍ ജോസ് ജീവിതം അവസാനിപ്പിച്ചത് കടുത്ത കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണ്. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അവര്‍ക്ക് മുന്നിലാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വാപൊളിക്കുന്നത്. പ്രധാനമന്ത്രി നല്‍കിയ പത്തുപതിനെട്ടു ഗ്യാരണ്ടിയെടുത്തു വീശിയാല്‍ കടുവയും പുലിയുമൊന്നും തിരിച്ചുപോകില്ല. രാജ്യത്തിന്‍റെ കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് എറിഞ്ഞുകൊടുത്തതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണ്. അവരുടെ നയങ്ങളാണ് രാജ്യമെമ്പാടുമുള്ള കര്‍ഷകരെ മഹാദുരിതത്തിലാക്കിയത്.
കേരളത്തിന്‍റെ എല്ലാ കാര്‍ഷിക വിളകളും വലിയ തകര്‍ച്ചയെ നേരിടുകയാണ്. കാര്‍ഷികകേരളത്തിന്‍റെ നട്ടെല്ലായ തെങ്ങും റബറുമൊക്കെ നിലംപൊത്തിയിട്ട് കാലമേറെയായി. റബര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു പറഞ്ഞ് ഭരണത്തിലിരിക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കര്‍ഷകരെ മറന്നു. നാമമാത്രമായുള്ള കര്‍ഷക പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസത്തിലധികമായി. ക്ഷേമപെന്‍ഷന്‍കൊണ്ട് ജീവിതം തള്ളിവിടുന്നവര്‍ നിരാശയുടെ പടുകുഴിയിലാണ്.
അതേസമയം സര്‍ക്കാരിന്‍റെ ആര്‍ഭാടവും ദുര്‍ച്ചെലവുമെല്ലാം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. 27.12 കോടിയുടെ കേരളീയം, ശതകോടികളുടെ നവകേരള യാത്ര. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിക്ക് 12.50 ലക്ഷം രൂപയുടെ ഓണറേറിയം. കൂടാതെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സ്റ്റാഫും സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇദ്ദേഹം കേരളത്തിനുവേണ്ടി എന്താണു ഡല്‍ഹിയില്‍ ചെയ്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്ഷീര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു മാത്രം 46.25 ലക്ഷം രൂപ. കാഴ്ചബംഗ്ലാവാക്കിയ നവകേരള ബസിന് ഒരു കോടിയിലധികമായെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
നവകേരളസദസില്‍ കര്‍ഷകര്‍ നല്‍കിയ പരാതികളെല്ലാം കൂട്ടിയിട്ട് മന്ത്രിമാര്‍ ഇപ്പോള്‍ അതിന്മേലാണ് ഉറക്കമെന്ന് കെ. സുധാകരന്‍ പരിഹസിച്ചു. അത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് നവകേരളസദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പാക്കേജും നല്‍കണമെന്നും കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.