കേരളത്തെ മുച്ചൂടും മുടിക്കുന്ന പിണറായി സർക്കാരിന് താക്കീതായി യുഡിഎഫ് വിചാരണ സദസ്

Jaihind Webdesk
Thursday, December 14, 2023

 

കണ്ണൂർ: നവകേരള സദസിലൂടെ ധൂർത്തടിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിഷേധം ശക്തം. യുഡിഎഫിൻ്റെ വിചാരണ സദസിന് വൻ ജനാവലി. ഇടതു സർക്കാറിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പൂർണ്ണ പരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ചിലവിൽ സിപിഎമ്മിൻ്റെ ഏരിയാ സമ്മേളനങ്ങൾ നടത്തുകയാണ് നവകേരള സദസിലൂടെയെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. കണ്ണൂർ അഴീക്കോട് നിയോജക മണ്ഡലം വിചാരണ സദസിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

കേരളത്തിൽ നികുതി പിരിവിലുണ്ടായ വീഴ്ച കൊണ്ടാണ് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് പാവപ്പെട്ട കൂലിത്തൊഴിലാളികളും കർഷകരും മറ്റുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെൻഷൻകാർക്ക് പെൻഷനില്ല, റേഷൻ കടകളും മാവേലി സ്റ്റോറുകളും കാലിയാണ്. ഇവിടെ സാധനം വിതരണം ചെയ്യുന്നവർക്കും കോൺട്രാക്ടർമാർക്കും കോടികൾ കുടിശികയായി കൊടുത്തു തീർക്കാനുണ്ട്. കേരളത്തെ പാപ്പരാക്കി മാറ്റിയ ഒരു സർക്കാരിനെതിരെയുള്ള കുറ്റവിചാരണയാണ് ഇപ്പോൾ നടക്കുന്നത്. നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നവകേരള ബസ് യാത്ര കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് അവർക്ക് തന്നെ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, മുസ്‌ലിം ലീഗ് സoസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാൻ കല്ലായി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്ദുൽ കരീം ചേലേരി ഉൾപ്പടെയുള്ള നേതാക്കൾ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനാളുകളാണ് അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് വിചാരണ സദസിൽ പങ്കെടുക്കാനായി വളപട്ടണം മിനി സ്റ്റേഡിയത്തിൽ എത്തിയത്.