‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; മർദ്ദിച്ചവർ എവിടെ?’ ഷൂ എറിഞ്ഞ കേസില്‍ പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി

Jaihind Webdesk
Monday, December 11, 2023

 

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പോലീസിന് രൂക്ഷ വിമർശനവുമായി കോടതി.  എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നതെന്ന് ചോദിച്ച കോടതി, മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ ജനങ്ങളെയും സംരക്ഷിക്കണമെന്നും പറഞ്ഞു. അതേസമയം മർദ്ദിച്ചവർ എവിടെയെന്നും പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ നവകേരള ബസിന് നേരെ കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. മാത്രമല്ല മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിക്കാന്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അവസരമൊരുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ കോടതിയില്‍ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നവകേരള സദസിന്‍റെ പേരില്‍ വ്യാപക അക്രമമാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അഴിച്ചുവിടുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെപ്പോലും ക്രൂരമായി തല്ലിച്ചതയ്ക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഡിവൈഎഫ്ഐ ഗുണ്ടായിസത്തെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെയാണ് അക്രമം അതിരുവിട്ടത്. പ്രതിഷേധക്കാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുമ്പോഴും ഈ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയാറാകുന്നില്ല.  അതേസമയം പ്രതിഷേധിക്കുന്നവർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്ന പോലീസ് ഡിവൈഎഫ്ഐ മർദ്ദനം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.