കണ്ണൂർ: മുഖ്യമന്ത്രിയുടെ നവകേരള സദസിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതൽ കസ്റ്റഡിയിലെടുത്ത് പോലീസ്. പഴയങ്ങാടിയിൽ വെച്ചാണ് കെഎസ്‌യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കിലാക്കിയത്. നേതാക്കളായ മുബാസ്, സുഫൈൽ, റാഹിബ് അർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രി നവകേരള സദസിൽ പങ്കെടുക്കാൻ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ എത്തുന്നതിന് മുന്നേയാണ് അറസ്റ്റ്.
പയ്യന്നൂരിൽ നവകേരള സദസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടെയാണ് പഴയങ്ങാടിയിൽ വെച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്ത്. സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി പഴയങ്ങാടിൽ വന്ന നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് കല്യാശേരി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സുഫൈൽ, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്‍റ് റാഹിബ്, കെഎസ്‌യു ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുബാസ്, അ൪ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.