ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലാണ് നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഢില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കി സീറ്റുകളിലും ഉടന്‍തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. ബുധ്നി മണ്ഡലത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസിനുവേണ്ടി വിക്രം മസ്താല്‍ കളത്തിലിറങ്ങും.
ഛത്തീസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ പത്താനില്‍ നിന്നും ഉപമുഖ്യമന്ത്രി ടി.എസ് സിംഗ് ദേവ് അംബികാപൂരില്‍ നിന്നും മത്സരിക്കും. പുറത്തുവിട്ട 30 സീറ്റുകളിലെ സ്ഥാനാർത്ഥിപ്പട്ടികയില്‍ മൂന്ന് സ്ത്രീകളുമുണ്ട്. ഛത്തീസ്ഗഢില്‍ നവംബർ 7, 17 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലിലും ഉത്തം കുമാര്‍ റെഡ്ഡി എം.പി ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ദാസരി സീതക്ക മുലുഗു മണ്ഡലത്തില്‍ നിന്നും മൈനംപള്ളി രോഹിത് റാവു മേദക് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മള്ക്കാജ്ഗിരി മണ്ഡലത്തില്‍ മൈനംപള്ളി ഹനുമന്ത് റാവുവാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. രാജസ്ഥാന്, മിസോറം നിയമസഭാ തിരഞ്ഞെടുപ്പും നവംബറില്‍ നടക്കും. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.