‘മോദി സർക്കാർ സാധാരണക്കാർക്കൊപ്പമല്ല, അദാനിക്കും അംബാനിക്കുമൊപ്പം’; വെറും പരസ്യവാചക സർക്കാരെന്ന് ഹൈബി ഈഡൻ എംപി

Jaihind Webdesk
Thursday, August 10, 2023

 

ന്യൂഡൽഹി: വെറും പരസ്യവാചക സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മൗനത്തിലും ഇന്ധന വിലയിലും സെഞ്ചുറി അടിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നു’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ഹൈബി പ്രസംഗം ആരംഭിച്ചത്. മണിപ്പുർ നേരിട്ട് സന്ദർശിച്ച കേരളത്തിലെ എംപി എന്ന നിലയിലായിരുന്നു പാർട്ടി ഹൈബി ഈഡന് അവസരം നൽകിയത്.

മണിപ്പൂരിൽ സംഘർഷം ആരംഭിച്ച പത്താം ദിവസം സംഭവസ്ഥലം സന്ദർശിച്ച താന്‍ ‘മോദി ഹെ തൊ മുൻകിൽ ഹെ’ എന്ന പരസ്യത്തിന്‍റെ യഥാർത്ഥ അർത്ഥം മനസിലാക്കിയെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. മണിപ്പൂരിൽ ദുരന്ത നിവാരണത്തിന് ചികിത്സാ സഹായങ്ങൾ പോലും ലഭ്യമല്ല. 290 ഗോത്ര വിഭാഗ ഗ്രാമങ്ങൾ, 354 പള്ളികൾ, 249 മെയ്തെയ് പള്ളികൾ, 60 കത്തോലിക്കാ പള്ളികൾ, 7500 വീടുകൾ ഇതെല്ലാം മണിപ്പൂരിൽ ചാമ്പലാക്കപ്പെട്ടു. ഇത് മോദിക്ക് സാധ്യമാണ്. ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കെതിരെയുള്ള അസൂത്രിത ആക്രമണമാണ് മണിപ്പൂരിൽ നടക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കൾ ഈസ്റ്ററിന് കേക്കുമുറിച്ചും മെത്രാന്മാരെ സന്ദർശിച്ചും വീടുവീടാന്തരം കയറി നടക്കുമ്പോൾ മറുവശത്ത് മണിപ്പൂരിലെ ക്രിസ്ത്യാനികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് അവിടത്തെ ബിജെപിക്കാരെന്നും ഹൈബി പറഞ്ഞു.

‘സബ്കാ സാത് സബ്കാ വികാസ്’ എന്ന് അവകാശപ്പെടുന്നവർ ആരുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. കർഷകരുടെയും ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷ വിഭാഗത്തിന്‍റെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂടെ ഈ സർക്കാരില്ല. പകരം സർക്കാർ അദാനിക്കും അംബാനിക്കും കൂടെയാണെന്നും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി.