കണ്ണൂർ: നിഹാലിന്റെ ദാരുണമായ മരണത്തിന്റെ നടുക്കത്തിലാണ് മുഴപ്പിലങ്ങാട് കെട്ടിനകം പ്രദേശം. തെരുവു നായകളുടെ കൂട്ടം വളഞ്ഞിട്ട് പതിനൊന്ന് വയസുകാരനെ കടിച്ചു കീറി കൊന്ന സംഭവം കണ്ണൂരിനെ നടുക്കി. ജന്മനാ സംസാരശേഷിയില്ലാത്ത നിഹാലിന് ഒന്നുറക്കെ പോലും കരയാൻ കഴിയാതെയാണ് മരണത്തിന് കീഴടങ്ങേണ്ടിവന്നത്. നിഹാലിന്റെ ചോരയിൽ കുളിച്ച ശരീരം കണ്ടവർ ഞെട്ടലോടെ കണ്ണുപൊത്തി നിൽക്കേണ്ടി വന്നു. ഞായറാഴ്ച രാത്രി മുഴുവൻ കെട്ടിനകം ഗ്രാമം ഉണർന്നു കരഞ്ഞു.
ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. നിഹാല് നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് പറയുന്നു. കുട്ടിയുടെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
ദാറുൽ റഹ്മയിലെ നിഹാലിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നു. അതാണ് നായ അക്രമിച്ചപ്പോൾ ഒരാളും അറിയാതെ കേൾക്കാതെയും പോയത്. അരയ്ക്കു താഴെ നായകൾ കടിച്ചു കുടഞ്ഞു. തുടയെല്ല് പുറത്തേക്ക് വന്നു. സാധാരണ വീട്ടിൽ നിന്നും അപ്പുറത്തെ കടയിലും അയൽ വീട്ടിലും പോയി തിരിച്ചു വരാറുള്ള നിഹാലിനെ അര മണിക്കൂറായിട്ടും കാണാതിരുന്നപ്പോൾ മാതാവ് നുസീഫ ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല.
തെരുവു നായ ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയെങ്കിലും സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അതേസമയം തെരുവു നായ ശല്യം പരിഹരിക്കാൻ പഞ്ചായത്തിന് പരിമിതികൾ ഉണ്ടെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി സജിത പറയുന്നു. തെരുവു നായ്ക്കളെ ഭയന്ന് വിദ്യാർത്ഥികൾക്കൊപ്പം മുതിർന്നവർ വടിയുമായാണ് ഇവിടെ സഞ്ചരിക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചിലെത്തിയ സഞ്ചാരികളെ നായ കടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തെരുവു നായകളുടെ വന്ധ്യകരണം മാത്രമാണ് പഞ്ചായത്തിന്റെ മുന്നിലുള്ള പോംവഴി എന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം വിദേശത്തുള്ള പിതാവ് എത്തുന്ന സമയം അനുസരിച്ചു സംസ്കരിക്കും. എടക്കാട് മണപ്പുറം ജുമാ മസ്ജിദിലാണ് സംസ്കാരം.