കണ്ണൂർ: പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിന്റെ 95-ാം വാർഷിക ആഘോഷത്തിന് പയ്യന്നൂരിൽ ഉജ്ജ്വല സമാപനം. സമാപത്തിന്റെ ഭാഗമായുള്ള ബഹുജന റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് പത്മശ്രീ പുരസ്കാര ജേതാവ് അപ്പുകുട്ട പൊതുവാളിനെയും പി.എം ദാമോദരൻ അടിയോടിയെയും കെപിസിസി പ്രസിഡന്റ് ആദരിച്ചു.
കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നയിച്ച റാലിയിൽ നിരവധി ആളുകൾ അണിനിരന്നു. പെരുമ്പ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി പയ്യന്നൂർ ഗാന്ധി പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. നെഹ്റു ഏറ്റവും വില കല്പിച്ചിരുന്ന ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് തിരിച്ചറിയാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. രാജഭരണത്തിന്റെ തിരുശേഷിപ്പായ ചെങ്കോൽ ആണ് ആർഎസ്എസിന്റെ ബിജെപിയുടെ ഭരണഘടന. ഭരണഘടനയുടെ മഹത്വം ബിജെപി നേതാക്കൾക്ക് മനസിലാവില്ലെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.
പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രം ഭരിക്കുന്നവർ. പാർലമെന്റിന്റെ ഉദ്ഘാടനം വിവാദമായപ്പോൾ ആ വിവാദത്തിലേക്ക് ശ്രദ്ധ തിരിച്ച് ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യത്തിന്റെ ഉദ്ഘോഷമല്ല, അല്‍പ്പത്തരത്തിന്റെ ഉദാഹരണമാണ് മോദി കാണിക്കുന്നത്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് തനിക്ക് അനുകൂലമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് മോദി ചെയ്യുന്നതെന്നും കെ.സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. കെ സുധാകരൻ എംപി മുഖ്യ പ്രഭാഷണം നടത്തി. അഴിമതിയുടെ കാര്യത്തിൽ സഹോദരൻമാരെപ്പോലെയാണ് പിണറായിയും നരേന്ദ്ര മോദിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി
പത്മശ്രീ പുരസ്കാര ജേതാവ് അപ്പുകുട്ട പൊതുവാളിനെയും പി.എം ദാമോദരൻ അടിയോടിയെയും കെപിസിസി പ്രസിഡന്റ് ആദരിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷനായ സമാപന പൊതുയോഗത്തിൽ കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മഹാരാഷ്ട്ര പിസിസി സെക്രട്ടറി
ജോജോ തോമസ്, വി.എ നാരായണൻ, കെ.പി കുഞ്ഞിക്കണ്ണൻ ഉൾപ്പടെ വിവിധ കെപിസിസി നേതാക്കളും ഡിസിസി, പോഷക സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.