ബ്രഹ്മപുരത്ത് സോണ്‍ടയുമായുള്ള കരാർ റദ്ദാക്കാന്‍ നീക്കം; നോട്ടീസ് നല്‍കി കൊച്ചി കോർപറേഷന്‍

Jaihind Webdesk
Saturday, May 20, 2023

കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ നടപടി ആരംഭിച്ചു. സോണ്‍ട കമ്പനിക്ക് കൊച്ചി കോര്‍പറേഷന്‍ കത്തു നല്‍കി. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. പത്തുദിവസത്തിനതം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് സോണ്‍ടയ്ക്ക് നല്‍കിയിരിക്കുന്ന നിർദേശം. സോണ്‍ട കമ്പനിയെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് വിവാദ കമ്പനിയുമായുള്ള കരാർ റദ്ദാക്കാനുള്ള നീക്കം.

ബ്രഹ്മപുരത്തെ തീപിടിത്തം, ബയോ മൈനിംഗിലുണ്ടായ വീഴ്ച തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് സോണ്‍ടയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. പത്തു ദിവസത്തിനകം മറുപടി നല്‍കണം. മറുപടി ലഭിച്ചതിനു ശേഷം ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മേയർ ടോണി ചമ്മണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ തീപിടിത്തം ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീയിട്ടത് കരാറുകാരാണെന്നും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോൺട ഇൻഫ്രാടെക്ക് എന്ന കമ്പനിക്ക് സർക്കാർ വഴിവിട്ട സഹായം നല്‍കിയതായി പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു. യോഗ്യതയില്‍ തിരിമറി കാട്ടിയാണ് സോണ്‍ട കമ്പനിക്ക് കരാർ നല്‍കിയതെന്ന് ആരോപണമുയർന്നു.  ബ്രഹ്മപുരത്തെ 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യത്തിന്‍റെ ബയോ മൈനിംഗിന് കരാറാണ് സോൺട ഇൻഫ്രാടെക്ക് ഏറ്റെടുത്തത്. 2022 സെപ്റ്റംബറോടെ ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 54 കോടി രൂപയ്ക്കാണ് കരാർ നല്‍കിയത്. എന്നാല്‍ മാലിന്യ സംസ്കരണം നടന്നത് 25 ശതമാനം മാത്രമാണ്. കരാർ കാലയളവിൽ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന കാരണത്താല്‍ കരാർ കാലാവധി നീട്ടിനല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് 11 കോടി രൂപയാണ് സോണ്‍ട ഇൻഫ്രാടെക്കിന് അനുവദിച്ചിട്ടുള്ളത്. 2022 ജനുവരിയിൽ ആദ്യഘട്ടമായി ‍ഏഴു കോടി രൂപ സംസ്ഥാന സർക്കാർ നല്‍കി. രണ്ടാം ഘട്ടത്തിൽ നാലു കോടി കൂടി അനുവദിച്ചു.

2020ൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കരാർ ക്ഷണിച്ചത്. 25 കോടിയുടെ വാർഷിക ടേണോവറും ബയോമൈനിംഗ് വഴിയുള്ള മാലിന്യ സംസ്കരണത്തിൽ പത്ത് കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയതിന്‍റെ അനുഭവ പരിചയവുമായിരുന്നു യോഗ്യത. സോണ്‍ട ഇൻഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയിൽ തിരുനെൽവേലി കോർപ്പറേഷനിൽ കമ്പനി ഖര മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടൽ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്. എന്നാൽ ഇത് കെഎസ്ഐഡിസി തള്ളി. തൊട്ടുപിന്നാലെ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂർത്തിയാക്കിയതിന്‍റെ രേഖ സോണ്‍ട ഇൻഫ്രാടെക്ക് ഹാജരാക്കി. പിന്നാലെ കരാറും ലഭിച്ചു. ആദ്യം കമ്പനിക്ക് സർട്ടിഫിക്കറ്റ് നൽകിയത് തിരുനെൽവേലി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ആയിരുന്നെങ്കിൽ രണ്ടാമത് സർട്ടിഫിക്കറ്റ് നൽകിയത് മുൻസിപ്പൽ എഞ്ചിനീയറാണ്. ഇതടക്കം അപാകതകൾ പരിശോധിക്കാതെ കെഎസ്ഐഡിസി കരാർ നൽകിയതിലാണ് ഒത്തുകളി ആരോപണം ഉയർന്നത്.