കണ്ണൂർ: വിവാദമായ കണ്ണൂർ വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണം തുടരാൻ വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതയ്ക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടറുടെ അനുമതി തേടും.
റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് സംഘം മൊറാഴയിലെ വൈദേകം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ ആന്തൂർ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. റിസോർട്ട് നിർമ്മാണത്തിനായി ആന്തൂർ നഗരസഭ വഴിവിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവിൽ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോർട്ടിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്. കെട്ടിട നിർമ്മാണ എന്‍ജിനീയർമാർ ഉൾപ്പെട്ട വിദഗ്ധ സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഈ നീക്കം. ഇതിനായി വിജിലൻസ് ആസ്ഥാനത്തു നിന്നും അനുമതി തേടും. ഇതിനു ശേഷമാകും പരാതിയിൽ കേസെടുക്കണമോ എന്ന കാര്യം തീരുമാനിക്കുക.
നിലവിൽ പരാതിക്കാരനിൽ നിന്നും ഫോൺ വഴിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. കേസെടുക്കേണ്ടി വന്നാൽ പരാതിക്കാരന്‍റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുൻ മന്ത്രി ഇ.പി ജയരാജന്‍റെ സ്വാധീനത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സണും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേർന്ന് റിസോർട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. റിസോർട്ട് നിർമ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
അതേ സമയം നികുതി സംബന്ധിച്ച കണക്കുകൾ തിങ്കളാഴ്ച ഹാജരാക്കാൻ റിസോർട്ട് അധികൃതരോട് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റിസോർട്ടില്‍ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത രേഖകളിൽ വ്യക്തത വരുത്താനായാണ് ഈ നടപടി. റിസോർട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടർക്കഥയായതോടെ ഇ.പി ജയരാജന്‍റെ ഭാര്യയുടേയും മകന്‍റെയും പേരിലുള്ള ഓഹരികൾ വിറ്റഴിക്കാൻ നീക്കം തുടങ്ങിയിരുന്നു. രണ്ടു പേരുടേയും പേരിൽ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോർട്ടിലുള്ളത്.