കണ്ണൂരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 2 പേര്‍ക്ക് പരിക്ക്: സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സൂചന; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

Jaihind Webdesk
Sunday, March 12, 2023

 

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 2 പേർക്ക് പരിക്ക്. ബിജെപി പ്രവർത്തകനായ ആയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്താണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തു നിർമ്മിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.

വീടിന്‍റെ പിന്‍വശത്താണ് സ്ഫോടനം നടന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്ഫാടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. സന്തോഷിന് കൈയ്ക്ക് ആണ് പരിക്കേറ്റത്. സ്ഫോടനത്തെ തുടർന്ന് മുഴക്കുന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടന സമയത്ത് സന്തോഷിന്‍റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വർഷങ്ങൾക്ക് മുമ്പും സമാനമായ സംഭവം ഉണ്ടായതായി നാട്ടുകാർ പറയുന്നു. അന്ന് സന്തോഷിന്‍റെ വിരലുകള്‍ അറ്റുപോയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനം നടന്ന വീടിന്‍റെ പരിസരത്ത് പോലീസ് കാവൽ ഏർപ്പെടുത്തിട്ടുണ്ട്.

സ്ഫോടന വിവരം അറിഞ്ഞ് പ്രദേശത്ത് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും സംഘടിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സണ്ണി ജോസഫ് എംഎൽഎയും, ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജും ആവശ്യപ്പെട്ടു.