കണ്ണൂർ: പട്ടുവത്ത് നിർധന കുടുബത്തിനു വേണ്ടി യൂത്ത് കോൺഗ്രസ് നിർമ്മിച്ച ശുഹൈബ് ഭവനത്തിന്റെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. ക്രിമിനൽ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും രണ്ടാണെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഷുഹൈബ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടുവത്തെ നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ് വീട് നിർമ്മിച്ചു നൽകിയത്. രാഷ്ട്രീയ പ്രവർത്തനം എന്നത് ജീവകാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും പൊതു പ്രവർത്തനവും ചേർന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സാധാരണക്കാരന്റെ സങ്കടമകറ്റി അവന്റെ കണ്ണുനീർ തുടച്ച് അവരെ ഹൃദയത്തോട് ചേർത്തു നിർത്തുന്നതാണ് രാഷ്ട്രീയം. അല്ലാതെ എതിരെ വരുന്നവന്റെ തലയും കൈയും വെട്ടി അവന്റെ വീട്ടിലേക്ക് ബോംബെറിയുന്നതല്ലെന്ന് ബോധ്യപ്പെടുത്താൻ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് സാധിച്ചു. ശുഹൈബ് ഭവനം നിർമ്മിക്കുന്നതിന് മുൻകൈയെടുക്കുന്നതിന് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷനായ ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനീഷ് ചുളളിയാന്, സന്ദീപ് പാണപ്പുഴ, തുടങ്ങിയവര്‍ സംസാരിച്ചു. വീട് നിർമ്മാണ പ്രവൃത്തിയിൽ പങ്കാളികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് ആദരിച്ചു.