പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് പെട്ടെന്ന് രോഗമുക്തി ആശംസിച്ച് രാഹുല്‍ ഗാന്ധി. “അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും അമൂല്യവുമാണ്. മോദി ജി, ഈ ദുഷ്കരമായ സമയത്ത് നിങ്ങൾക്ക് എന്റെ സ്നേഹവും പിന്തുണയും ഉണ്ട്. താങ്കളുടെ അമ്മ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ അമ്മ അഹമ്മദാബാദിലെ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും “ഈ മണിക്കൂറിൽ ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്” എന്ന് പറയുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടർന്നാണ് പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വർഷം ജൂണിൽ 99 വയസ്സ് തികഞ്ഞ ഹീരാബെൻ മോദിയെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.