അമ്പലവയലില്‍ പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍

Jaihind Webdesk
Friday, November 18, 2022

വയനാട്:  അമ്പലവയലില്‍ പോക്സോ കേസ് ഇരയെ എ എസ് ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കോടതിയിൽ. എഎസ്ഐ ടി ജി ബാബുവാണ്  ജാമ്യാപേക്ഷയുമായി കൽപ്പറ്റ പോക്സോ കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി നാളെ വിധി പറയും. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ എ എസ് ഐ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതി ടി ജി ബാബു ഒളിവിലാണ്. പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
കോടതിയെ അറിയിച്ചു.

അതേസമയം അറസ്റ്റ് വൈകിപ്പിച്ചതിലൂടെ അമ്പലവയല്‍ എഎസ്ഐയ്ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്നാണ് പരാതി ഉയരുന്നുണ്ട്.  അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി ഇരയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിക്ക് മുൻകൂർ ജാമ്യം തേടാനുള്ള സഹായം പോലീസ് ഒരുക്കി നൽകുകയാണെന്നാണ് ആരോപണം. ഊട്ടിയിൽ തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സോബിൻ, സിപിഒ പ്രജിഷ എന്നിവർക്കെതിരെയും  നടപടിയുണ്ടായിട്ടില്ല.