കൊച്ചി ∙ ജന്മദിനത്തിൽ കേക്കു മുറിക്കില്ലെന്ന പതിവ് തെറ്റിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പിറന്നാള്‍ കേക്കു മുറിക്കില്ല എന്ന നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിക്കട്ടെ എന്നായി. ആവർത്തിച്ചു പറഞ്ഞിട്ടും ജന്മദിനത്തിൽ കേക്കു മുറിക്കുന്ന പതിവു തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി താന്‍ തന്നെ കേക്ക് മുറിച്ച് ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകിയെന്ന് അന്‍വര്‍ സാദത്ത് ഫേസ് ബുക്കില്‍ കുറിച്ചു. കുടുംബാംഗങ്ങൾക്കു പുറമേ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്ത്ലിബ്, മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ തുടങ്ങിയവർ ആശംസ അർപ്പിക്കാനെത്തി.
അന്‍വര്‍ സാദത്ത് എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയങ്കരനായ ഉമ്മൻചാണ്ടി സാറിന് ജന്മദിനാശംസകൾ നേരുന്നു…
ജന്മദിനമായ ഇന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ആലുവ ഗസ്റ്റ് ഹൗസിൽ (പാലസ് ) ഉണ്ടായിരുന്നു.
ഞങ്ങൾ കേക്കുമായി അദ്ദേഹത്തിന്റെ അടുത്തെത്തി കേക്ക് മുറിക്കാൻ ആവശ്യപ്പെട്ടു. ജന്മദിനത്തിൽ കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ല എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ല,
“ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ”
അങ്ങനെ വന്നപ്പോൾ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ കേക്ക് മുറിച്ച് ഉമ്മൻചാണ്ടി സാറിന്റെ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും മധുരം നൽകി. ഇത് എനിക്ക് കിട്ടിയ അപൂർവമായ സൗഭാഗ്യമായി ഞാൻ കാണുകയാണ്.
അദ്ദേഹത്തിന് സർവ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.