ആലപ്പുഴ/കായംകുളം: മോദി സർക്കാരിന്‍റെ വാഗ്ദാനം വെറുംവാക്കായെന്ന പരാതിയുമായി തൊഴില്‍രഹിതരായ യുവാക്കള്‍. ഭാരത് ജോഡോ യാത്രയുമായി ആലപ്പുഴ ജില്ലയിലെത്തിപ്പോഴാണ് രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ അഭ്യസ്തവിദ്യരായ യുവാക്കള്‍ പരാതി അറിയിച്ചത്.
ഞങ്ങൾ നല്ല നിലയിൽ പഠിച്ചിറങ്ങിയവരാണ്. പക്ഷേ തൊഴിൽ കിട്ടുന്നില്ല. ഓരോ വർഷവും ഇരുപതു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ നരേന്ദ്ര മോദി സർക്കാർ വാഗ്ദാനം നിവേറ്റുന്നില്ല. ഒരാൾക്ക് പോലും പുതുതായി തൊഴിൽ നൽകുന്നില്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന അവസരങ്ങൾ കൂടി ഇല്ലാതാക്കി. ലക്ഷക്കണക്കിന് ചെറുകിട ഇടത്തരം സ്ഥാപനങ്ങളാണ് ഇതിനകം അടച്ചു പൂട്ടിപ്പോയത്. പ്രശസ്തമായ സ്റ്റാർട്ടപ്പുകൾ പോലും ഇല്ലാതാക്കുന്നു.
രാവിലെ രാഹുൽ ഗാന്ധിയെ സന്ദർശിച്ച ഒരു സംഘം ബിരുദ ബിരുദാനന്തര യോഗ്യത നേടിയ ചെറുപ്പക്കാരുടെ പരാതികളാണ് ഇതെല്ലാം. എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം രാജ്യത്തെ യുവാക്കളെ കേന്ദ്ര സർക്കാർ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. റെയിൽവേയിലടക്കം നിലവിലുള്ള ഒഴിവുകൾ പോലും നികത്തുന്നില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം യുവാക്കൾക്ക് ഉറപ്പ് നൽകി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാഹുൽ ഗാന്ധി സ്പെഷൽ സ്കൂൾ കുട്ടികളുമായി സംവദിച്ചു. തുടർന്ന് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തിയ യാത്രയെ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ നേതൃത്വത്തിൽ കൃഷ്ണപുരത്ത് വെച്ച് വരവേറ്റു. കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളുമായിട്ടാണ് ആലപ്പുഴയിൽ യാത്രയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വീഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ മുരളീധരൻ എംപി, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ്എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.