കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ കാൽ വഴുതി കല്ലടയാറ്റിൽ വീണു.
ഒരു കുട്ടിയെ കാണാതായി. പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൂടല്‍ സ്വദേശി അപര്‍ണയെ ആണ് കാണാതായത്.
പത്തനാപുരം വെളളാറമണ്‍ കടവിലായിരുന്നു അപകടം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയ അപര്‍ണ അനുഗ്രഹയുടെ സഹോദരനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വീഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു. സഹോദരങ്ങളായ അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു.
കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീം, പത്തനാപുരത്ത് നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തെരച്ചിൽ നടത്തുന്നത്. അടിയൊഴുക്കും ആഴവുമുള്ള സ്ഥലമാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു.