അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം അക്രമി പിടിയിൽ

Jaihind Webdesk
Tuesday, November 20, 2018

Aravind-Kejriwal-attack

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിയ്ക്ക് നേരെ മുളക് പൊടി ആക്രമണം നടത്താൻ ശ്രമിച്ച 40 കാരനായ അനിൽ കുമാർ ശർമ്മ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ പൊലീസ്, സ്‌പെഷ്യൽ സെൽ, ഇന്റലിജൻസ് ബ്യൂറോ എന്നിവരുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 186, 353, 332, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Arvind-Kejrival-Attack

മുഖ്യമന്ത്രിയെ കാണാനെത്തിയ അനിൽ കുമാർ ശർമ്മ നിവേദനം നൽകിയ ശേഷം അദ്ദേഹത്തിന്റെ കാൽതൊട്ടുവന്ദിക്കുന്നതിനിടെ പെട്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ തടയുകായിരുന്നുവെന്നും പെട്ടെന്നുണ്ടായ തടസ്സത്തിൽ അനിൽ കുമാറിന്റെ കണ്ണടയും മുളക് പൊടിയും താഴെവീണുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇത് മനഃപൂർവ്വമോ ബോധപൂർവ്വമോ ഉള്ള ഒരു ആക്രമണമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തുന്നത് വരെയും പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങൾ ഉയർന്നു. ആകസ്മികമായി മുളക് പൊടി താഴേയ്ക്ക് വീഴുകയായിരുന്നുവെങ്കിൽ ഗുരുത്വാകർഷണ നിയമങ്ങളെ മറികടന്ന് അത് മുകളിലേയ്ക്ക് പോയി മുഖ്യമന്ത്രിയുടെ കണ്ണുകൾ പതിച്ചതെങ്ങിനെയെന്നും വിർശകർ ചോദിക്കുന്നു.