കണ്ണൂർ പയ്യന്നൂർ കാങ്കോലിൽ ക്യാൻസർ രോഗിയായ ഓട്ടൊ ഡ്രൈവർക്ക് സി ഐ ടി യു ഓട്ടൊ തൊഴിലാളികളുടെ അപ്രഖ്യാപിത വിലക്കും ഭീഷണിയും. കാങ്കോലിലെ ഓട്ടൊ ഡ്രൈവറും ഐഎൻടിയുസി പ്രവർത്തകനുമായ എംകെ രാജനെയാണ് സിഐടിയു ഓട്ടൊ തൊഴിലാളികൾ സ്വന്തം നാട്ടിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടൊ പാർക്ക് ചെയ്യാനും, അവിടെ നിന്ന് ഓടിക്കാനും അനുവദിക്കാത്തത്. സിഐടിയു മെമ്പർഷിപ്പ് എടുത്താൽ മാത്രമേ രാജനെ കാങ്കോലിലെ ഓട്ടൊസ്റ്റാൻഡിൽ നിന്ന് ഓട്ടൊ ഓടിക്കാൻ അനുവദിക്കു എന്ന് സിഐടിയു നേതാവിൻ്റെ തിട്ടൂരം. സി ഐ ടി യു ഭീഷണി കാരണം ജീവിതം വഴിമുട്ടി രോഗിയായ രാജൻ.
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ പേരാൽ എന്ന സ്ഥലത്ത് താമസിക്കുന്ന എം.കെ.രാജൻ എന്ന ഓട്ടോ ഡ്രൈവറെയാണ് സി ഐ ടി യു ഓട്ടൊ തൊഴിലാളികൾ തൊഴിൽ ചെയ്യാൻ അനുവദിക്കാത്തത്..കാങ്കോൽ ടൗണിലെ ഓട്ടൊസ്റ്റാൻഡിൽ സിഐടിയു അംഗങ്ങളായ ഓട്ടൊ തൊഴിലാളികൾ രാജനെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ വെക്കാനൊ സർവ്വീസ് നടത്താനൊ അനുവദിക്കുന്നില്ല.
നേരത്തെ പയ്യന്നൂർ ടൗണിൽ ആയിരുന്നു രാജൻ ഓട്ടൊ സർവ്വീസ് നടത്തിയിരുന്നത്. ക്യാൻസർ ബാധിതനായതോടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാമ്പത്തിക പ്രയാസം കാരണം ആ ഓട്ടോ വില്പന നടത്തി.തുടർന്ന് മാസങ്ങൾക്ക് ശേഷം പുതിയൊരു ഓട്ടൊ വാങ്ങി വീടിന് സമീപത്തെ കാങ്കോൽ ടൗണിൽ ഓട്ടൊ തൊഴിലാളിയായി ജോലിക്കായി ഇറങ്ങി.എന്നാൽ ആദ്യദിനം മുതൽ സിഐടിയു പ്രവർത്തകരായ കാങ്കോലിലെ ഓട്ടൊ തൊഴിലാളികൾ രാജനെ ഓട്ടൊ ഓടിക്കാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ഐ എൻ ടി യു സി ഓട്ടൊ തൊഴിലാളി യൂണിയൻ അംഗമായ രാജനോട് സിഐടിയു അംഗത്വം എടുത്താൽ മാത്രമേ കാങ്കോൽ ഓട്ടൊസ്റ്റാൻഡിൽ ഓട്ടൊ വെച്ച് സർവ്വീസ് നടത്താൻ അനുവദിക്കു എന്നാണ് സി ഐ ടി യു നേതാക്കൾ പറഞ്ഞത്. തുടർന്നുള്ള എല്ലാ ദിവസവും സിഐടിയു ഭീഷണി തുടർന്നതോടെ രാജൻ കാങ്കോൽ ടൗണിൽ ഓട്ടൊയുമായി പോകാറില്ല.സി ഐ ടി യു ഭീഷണിയെ തുടർന്ന് രാജൻ പയ്യന്നൂർ പോലീസിലും, ആർ ടി ഒ യ്ക്കും ഡിസംബർ മാസം പരാതി നൽകിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ സിഐടിയുവിന് വിയോജിപ്പ് ഉണ്ടാക്കുന്ന നടപടി സ്വീകരിക്കാൻ ഇവരാരും തയ്യാറായില്ല.
ക്യാൻസർ ബാധിതനായ രാജന് ദിവസവും ആയിരം രൂപ മരുന്നിന് വേണ്ടി ചിലവാകുന്നുണ്ട്. ജോലി ചെയ്ത് ജീവിക്കാൻ ഒരു തൊഴിലാളിയെ തൊഴിലാളി സംഘടന തന്നെ അനുവദിക്കുന്നില്ലേങ്കിൽ എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ് രാജൻ കേരളത്തിലെ പൊതു സമൂഹത്തോട് ചോദിക്കുന്നത്. മാതമംഗലത്തും, മാടായിലും വ്യാപാരികളോടായിരുന്നു സി ഐ ടി യു വിന്റെ ഭീഷണിയെങ്കിൽ കാങ്കോലിൽ രോഗ ബാധിതനായ ഓട്ടൊ ഡ്രൈവറെയാണ് തൊഴിൽ ചെയ്ത് ജീവിക്കാൻ സി ഐ ടി യു പ്രവർത്തകർ അനുവദി’ക്കാത്തത് .ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.
സ്വന്തം യൂണിയനിൽപെട്ട ആളെ മാത്രമേ തൊഴിൽ ചെയ്യാൻ അനുവദിക്കുവെന്ന ധിക്കാരപരമായ നിലപാടാണ് സി ഐ ടി യു വിൻ്റേതെന്ന് ഐഎൻടിയുസി ഓട്ടൊ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ല പ്രസിഡന്റ് എപി നാരായണൻ. തൊഴിലാളി വിരുദ്ധ നിലപാടാണ് സിഐടിയു വിന്റേതെന്നും എപി നാരായണൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.