വ്യാജ ചെമ്പോല ഉണ്ടാക്കി സർക്കാരും മോന്‍സണും ദേശാഭിമാനിയും ചേർന്ന് ജനങ്ങളെ കബളിപ്പിച്ചു : പിടി തോമസ് എംഎല്‍എ

Jaihind Webdesk
Tuesday, October 5, 2021

തിരുവനന്തപുരം : വ്യാജ പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ  വിവാദം നിയമസഭയിൽ. മോൻസൻ – പൊലീസ് ബന്ധത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ എംഎൽഎ പിടി തോമസ് സഭയിൽ നോട്ടീസ് നൽകി. ശബരിമല ആചാരങ്ങളിൽ ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച പ്രതിപക്ഷം, ജനങ്ങളെ കബളിപ്പിക്കാൻ മോൻസനും സർക്കാരും ദേശാഭിമാനിയും  ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും രൂക്ഷ വിമർശനമാണ് സഭയിൽ ഉയർന്നത്. ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും, നടപടിയുണ്ടായില്ലെന്നും ബെഹ്റ മോൻസനെ സംരക്ഷിച്ചുവെന്നും കോൺഗ്രസ് വിമർശിച്ചു.

ചെമ്പോല വ്യാജമായി ഉണ്ടാക്കി എന്നത് ഗുരുതര പ്രശ്നമെന്ന് പിടി തോമസ് പറഞ്ഞു. 25.2.2019 ൽ തന്നെ മോൻസനെതിരെ ഇന്റലിജിൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത് അറിഞ്ഞിന്നില്ലന്ന്  എങ്ങനെ മുഖ്യമന്ത്രി പറയും. ഇന്‍റലിജൻസ് റിപ്പോർട്ടിന് ശേഷമാണ് മോൻസന് അന്നത്തെ ഡിജിപി  ലോക്നാഥ് ബെഹ്‌റ സംരക്ഷണം ഒരുക്കിയത്. കോസ്മെറ്റിക് സർജൻ എന്ന് അറിയപ്പെടുന്ന മോൻസൻ അന്തരാഷ്ട്ര തട്ടിപ്പകാരനാണെന്നായിരുന്നു ഇന്‍റലിജിൻസ് റിപ്പോർട്ട് . പക്ഷെ പിന്നാലെ മോൻസന്‍റെ വീടുകൾക്ക് സംരക്ഷണം നൽകുകയാണുണ്ടായത്. ലോക കേരള സഭയിലെ വനിത പ്രതിനിധി മോൻസന്‍റെ  ഇടനിലകാരിയാണോയെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ പിടി തോമസ് പൊലീസിന്‍റെ കൊകൂൺ മീറ്റിൽ എങ്ങനെ യുവതി വന്നുവെന്നും ചോദിച്ചു.

മുൻ ഡിജിപി ബെഹ്റയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് സഭയിൽ പിടി തോമസ് ഉന്നയിച്ചത്. മോൻസന്റെ ‘മോശയുടെ വടി’ പിടിച്ച ബെഹ്‌റ ക്കു കഴിഞ്ഞ ദിവസം ശമ്പളം നിശ്ചയിച്ചു. എന്ത് കൊണ്ട് ബെഹ്‌റക്കു എതിരെ അനങ്ങുന്നില്ല? മോദിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി? ഭരണപക്ഷം കെ സുധാകരൻ എന്ന് വിളിച്ചു പറയുന്നുണ്ട്. പക്ഷേ സുധാകരന് ഒന്നും മറച്ചു വെക്കാനില്ല. സുധാകരനെതിരെ ബ്രണ്ണൻ കോളേജിൽ കൈ ഓങ്ങിയെന് പറയുന്ന പിണറായി ബെഹ്‌റക്ക് എതിരെ നടപടി എടുക്കാൻ ഉള്ള കടലാസിൽ ഒപ്പിടാൻ ധൈര്യം കാണിക്കുമോയെന്നും പിടി തോമസ് വെല്ലുവിളിച്ചു.