കോഴിക്കോട് : ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 11 പേര്‍ക്ക് രോഗലക്ഷണം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
എട്ട് പേരുടെ സാമ്പിളുകള്‍ അന്തിമപരിശോധനയ്ക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതില്‍ 54 പേര്‍ ഹൈ റിസ്ക്ക് പട്ടികയിലാണുള്ളത്.
കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. കുട്ടി കഴിച്ചെന്ന് കരുതുന്ന റമ്പുട്ടാന്‍ പഴത്തിന്‍റെ വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വി.പി ജോയിക്ക് കത്തയച്ചത്.