ഇടത് അധ്യാപക സംഘടനയുടെ മാനസിക പീഡനം ; പരാതി നല്‍കിയതിന് മാപ്പ് പറയണമെന്ന് അധികൃതർ ;നീതി തേടി കോളജ് അധ്യാപിക

Jaihind Webdesk
Wednesday, August 18, 2021

തിരുവനന്തപുരം : കോളജ് അധ്യാപികയ്ക്ക് ഇടത് അധ്യാപക സംഘടനയുടെ മാനസിക പീഡനം. കേരള യൂണിവേഴ്സിറ്റിയ്ക്ക് കീഴില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയ്ക്കാണ് മാനസിക പീഡനം നേരിട്ടത്. അധ്യാപിക തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 2020 സെപ്തംബർ മുതലാണ് കോളജിലെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍നിന്നും ക്രൂരമായ മാനസിക പീഡനത്തിനും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിനും അധ്യാപിക ഇരയായത്.

ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ നേതാവും എക്കോണോമിക്സ് വിഭാഗത്തിന്‍റെ തലവനുമായ രാജീവ് എസ്.ആറിൽ നിന്നുമാണ് അധ്യാപികയ്ക്ക് കൂടുതല്‍ മാനസിക പീഡനം നേരിടേണ്ടി വന്നത്. ലൈംഗീക ചുവകലര്‍ന്ന അധ്യാപകന്‍റെ സംസാരത്തിനെതിരെ അധ്യാപിക കോളജിലെ പ്രിന്‍സിപ്പിലിന് അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പ്രിന്‍സിപ്പലിന്‍റെ ഭാഗത്തുനിന്നും നടപടിയൊന്നും എടുത്തിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസിപ്പലില്ലാത്ത ഇവിടെ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്നു ഡോ.വിനോദ് ഹരിദാസും മറ്റ് സംഘടനാ അംഗങ്ങളുമായ അധ്യാപകരും ചേര്‍ന്ന് അധ്യാപികയെ ഒറ്റപ്പെടുത്തുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികളാണുണ്ടായത്.

സംഘടനയുടെ അനിഷേധ്യ നേതാവിനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞാണ് അതേ സംഘടനയിലെ തന്നെ അംഗമായ അധ്യാപികയ്ക്ക് നേരെ മാനസിക പീഡനം നടന്നത്. എന്നാല്‍ നേതാവിനോട് മാപ്പ് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കുറ്റം ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാത്തില്‍ അധ്യാപിക മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. നേതാവിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘടനയില്‍നിന്നും അധ്യാപികയെ പുറത്താക്കി. ഇതിനിടയില്‍ കോളജില്‍ അന്വേഷണ കമ്മിറ്റി രൂപികരിക്കുകയും പരാതിക്കാരിയായ അധ്യാപികയുടെ മൊഴിയെടുക്കാതെ വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ കാണിച്ച് അധ്യാപികയ്ക്ക് മെമ്മോ നല്‍കുകയാണുണ്ടായത്.

ഓഗസ്റ്റ് ആറിന് ഓണ്‍ലൈന്‍ വഴി ഹിയറിംഗ് ആകാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നുവെങ്കിലും നേരിട്ട് ഹാജരാവണമെന്ന അധ്യാപികയുടെ നിര്‍ബന്ധത്തില്‍ ഒമ്പതിന് സ്റ്റാഫ് മീറ്റിംഗ് കൂടി. ആരോഗ്യപരമായ കാരണങ്ങളാല്‍ അധ്യാപികയ്ക്ക് സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാഫ് അസോസിയേഷന്‍ മീറ്റിംഗില്‍ പങ്കെടുത്ത അധ്യാപികയ്ക്കുനേരെ സംഘടനാ നേതാവിന്‍റെയും പ്രിന്‍സിപ്പലിന്‍റെയും നേതൃത്വത്തില്‍ കൈയേറ്റമുണ്ടായി. ഉന്തിലും തള്ളിലും പരുക്കേറ്റ അധ്യാപിക തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. തനിക്ക് നേരെ നടന്ന അധിക്ഷേപത്തിന് അധ്യാപിക പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ സംഘടനയുടെ നിർബന്ധത്തിന് വഴങ്ങി അധ്യാപികയെ ചെങ്ങന്നൂർ കോളജിലേക്ക് മനേജ്മെൻ്റ് സ്ഥലം മാറ്റിയതായി പ്രിൻസിപ്പൾ ഇ മെയിൽ വഴി അധ്യാപികയെ അറിയിച്ചു. കോളജില്‍നിന്നോ, മാനേജ്‌മെന്റില്‍നിന്നോ നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം ഉദ്യോഗസ്ഥര്‍ക്കും വനിതാ കമ്മിഷനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അധ്യാപിക.