തിരുവനന്തപുരം : പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ ‘താക്കീത്’. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സൈബര്‍ ഇടത്തിലെ ക്രിമിനല്‍ ബന്ധമുള്ള സഖാക്കള്‍ നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് പി ജയരാനും കെപി സഹദേവനും പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ യോഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പാര്‍ട്ടി യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളില്‍ നിന്നുണ്ടായതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നല്‍കിയ റിപ്പോര്‍ട്ട്. ഇതു പരിഗണിച്ചാണ് സംസ്ഥാന സമിതിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
ചൊവ്വാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും കര്‍ശന സ്വരത്തില്‍ താക്കീത് നല്‍കിയത്. എന്നാല്‍ സിപിഎമ്മിന്റെ പതിവ് രീതിയിലുള്ള താക്കീത് നടപടിയല്ല ഇത്. മറിച്ച് കര്‍ശന സ്വരത്തിലുള്ള നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയത്.
പി ജയരാജന് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള കര്‍ശന നിര്‍ദേശം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്തയില്‍ മൈക്ക് കെട്ടിവെച്ച് പ്രസംഗിച്ച് പ്രതിഷേധിച്ചതിനും ജയരാജനെ താക്കീത് ചെയ്തിരുന്നു. വ്യക്തിപൂജ വിവാദത്തിലും സമാനമായ നടപടി ജയരാജന്‍ നേരിട്ടിരുന്നു.